പക്ഷേ അയാള്‍ അവളെ നിസ്സ്വാര്‍ തമായി സ്നേഹിച്ചിരുന്നു .അവളില്‍ നിന്നു ഒന്നും തന്നെ അയാള്‍ ചോദിച്ചു വാങ്ങിയിട്ടില്ല.ആ സ്നേഹം പോലും!
ഒരിക്കല്‍ അവള്‍ ചോദിച്ചു .. "എന്നെ എന്തിനിങ്ങനെ സ്നേഹിക്കുന്നു?"
"എന്താ ഞാന്‍ സ്നേഹിക്കുന്നത് നിനക്ക് ഇഷ്ടമല്ലേ?" അയാള്‍ തിരിച്ചു ചോദിച്ചു "അല്ല ,ഞാന്‍ ഓര്‍ക്കുകയായിരുന്നു ,എന്നെ ഇങ്ങെനെ ആരും സ്നേഹിച്ചിട്ടില്ല"
"ഇല്ല ഇല്ല .നീ വിവാഹം കഴിക്കാന്‍ പോകുന്ന ഭാഗ്യവാന്‍ സ്നേഹിക്കും എന്നെക്കാളും "
അവള്‍ക്കു മറുപടിയില്ലായിരുന്നു.
കാരണം അവളുടെ വിവാഹം ഇന്നല്ലെങ്കില്‍ നാളെ നടക്കും.അവളെപ്പറ്റി അവളുടെ രക്ഷിതാക്കള്‍ക്ക് വലിയ സ്വപ്നങ്ങളുണ്ട്.
ഒരു മിനിട്ടോളം അവര്‍ ഫോണില്‍ നിശബ്ദരായിരുന്നു.
വാസ്തവത്തില്‍ അയാള്‍ അവളുടെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.
ഏതാണ്ട് അതേയ് മനസ്ഥിതിയിലായിരുന്നു അവളും .അയാളുടെ ആ ഒരൊറ്റ ചോദ്യം മതി .അവള്‍ക്കു സമ്മതമാണെന്ന് മൂളാന്‍.
ഞാന്‍ നിന്നെ വിവാഹം ചെയ്തോട്ടെ എന്ന് ചോദിക്കാന്‍ എപ്പോഴും അയാള്‍ ഭയപ്പെട്ടിരുന്നു.ഇരുവരും എല്ലാദിവസവും ഇവിടം വരെ സംസാരിച്ച്ചെത്തും .അതുകഴിഞ്ഞാല്‍ ഒരു നീണ്ട നിശബ്ദതയാണ്.ഒരു പക്ഷെ ഇത്രയും നല്ല സുഹൃത്തിനോട് അങ്ങനെ ഒരാവശ്യം പറഞ്ഞാല്‍ എന്നെന്നേയ്ക്കുമായി ആ പവിത്ര ബന്ധം അവസാനിചാലോ എന്ന് അവളും അത് പോലെ തന്നെ അയാളും സന്ദേഹിച്ചു .എന്നെക്കാളും എന്തുകൊണ്ടും സൌന്ദര്യവും സ്വഭാവഗുണവുമുള്ള ഒരാളെ വിവാഹം കഴിക്കാന്‍ അവള്‍ക്കു ഭാഗ്യമുണ്ടാവുംമെന്നു അയാളും നേരെ മറിച്ചു അവളും കരുതി .പക്ഷെ എന്നെങ്കിലും ഉള്ളിന്റെ ഉള്ളിലുള്ള ആ ഇഷ്ടം തുറന്നു പറയാന്‍ ഇരുവരും ഒരുപാടു ആഗ്രഹിച്ചിരുന്നു.
നിശബ്ദതയെ മുറിച്ചു കൊണ്ടു അയാള്‍ ചോദിക്കും "എന്റെ ശബ്ദം കേട്ടു മടുത്തിട്ടുണ്ടാവുമല്ലോ?? വയ്ക്കണോ?ഉറക്കം വരുന്നുണ്ടല്ലേ??
"ഹേയ്യ് ഒട്ടുമില്ല പറഞ്ഞോളൂ"അവളുടെ സ്ഥിരം മറുപടി...
ഇതു തന്നെയാണ് ഞാന്‍ പ്രതീക്ഷിച്ചതെന്നു തോന്നിപ്പിക്കുന്ന ഒരു ചിരിയിലൂടെ അയാള്‍ പറയും.."ഉറക്കം വന്നാലും ഇല്ലെന്നെ പറയൂ..എന്നെ മുഷിപ്പിക്കാതിരിക്കാനല്ലേ ഇതു പറയുന്നത്?"
"അല്ല..അല്ല ..ആ ശബ്ദം കേട്ടുറങ്ങണം അതിനാ.."
പിന്നെയും അയാള്‍ സംസാരിച്ചു കൊണ്ടേയിരിക്കും.സ്നേഹത്തെപ്പറ്റി,സൌന്ദര്യത്തെപ്പറ്റി ,സ്വപ്നങ്ങളെപ്പറ്റിയും ഭാവിയെപ്പറ്റിയും കൊച്ചു കൊച്ചു മോഹങ്ങളെപ്പറ്റിയും...
ഇടയ്ക്കെപ്പോഴേങ്കിലും അവള്‍ ഉറങ്ങിപ്പോകും .
ജനാലയില്‍ക്കൂടി വീശുന്ന തണുത്ത കാറ്റിന്റെ നേർത്ത ശബ്ദം മാത്രമെ അപ്പോഴുണ്ടാകൂ...
പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ ചോദിക്കും."ഉറങ്ങിയോ?"
ഉത്തരമുണ്ടാകില്ല. "ശരി ..ഉറങ്ങിക്കോളൂ ശുഭരാത്രി!"
അതോടെ അയാളുടെ ആ ദിവസവും കൊഴിഞ്ഞു പോകും!
ഒരിക്കല്‍ അവള്‍ ചോദിച്ചു."എന്നെ പറ്റി എന്താണഭിപ്രായം?"
"ഭുമിയിലെ ഏറ്റവും നല്ല സുന്ദരിയായ ദൈവത്തിന്റെ സ്വന്തം പുത്രി"
അവള്‍ക്ക് ചിരിവരും..
അവള്‍ ആ സമയത്ത് കിടക്കയില്‍ നിന്നെഴുന്നേറ്റ് സമീപത്തുള്ള കണ്ണാടിയില്‍ നോക്കും.താന്‍ ശരിക്കും സുന്ദരിയാണോ എന്ന് സന്ദേഹിക്കും.ഫോണ്‍ ചെവിയോട് ചേർത്ത് പിടിച്ചു സംസാരിക്കുമ്പോള്‍ തന്നെ തലമുടിയില്‍ വിരലോടിക്കും..പുഞ്ചിരി തൂകും .താന്‍ സുന്ദരിയാണെന്ന് ആത്മഗതം നടത്തും.
അയാള്‍ക്ക് അവള്‍ എന്നും സംഗീതമായിരുന്നു!താന്‍ സ്വയം അനുഭവിക്കുന്ന വേദനയില്‍,ഏകാന്തതയില്‍ സ്വാന്തനവും ആശ്വാസവുമായി ഒഴുകിയെത്തുന്ന സംഗീതം പോലെയായിരുന്നു അവളുടെ വാക്കുകള്‍..
തിരിച്ചറിയാന്‍ കഴിയാത്ത എന്തോ ഒന്നു വേര്‍തിരിക്കാന്‍ സാധ്യമാകാത്ത വിധം സ്വന്തം മനസിലേയ്ക്ക് അലിഞ്ഞു ചേരുന്ന ഒരുതരം അനുഭവമായിരുന്നു അവള്‍ക്ക് അയാളോട് സംസാരിക്കുമ്പോള്‍. അയാളും താനും ഒന്നു തന്നെയാണെന്നുള്ള സങ്കല്‍പം.പരസ്പരം ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലാത്തപ്പോഴുള്ള മനസ്ഥിതി..
അവളെപ്പറ്റി മാത്രമാണ് ഇപ്പോള്‍ അയാള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്
എങ്ങനെയാണ് തന്റെ ഇഷ്ടം അവളെ അറിയിക്കുക?വേണ്ട !ഇനിയിപ്പോള്‍ അവള്‍ വേറെ ആരെയെങ്കിലും ഇഷ്ടപ്പെടുന്നുണ്ടെങ്കിലോ?
ഒരുപക്ഷെ അവള്‍ അങ്ങനെ ഒരു സ്ഥാനത്തു തന്നെ കരുതിയിട്ടുകൂടിയില്ലായിരിക്കാം..ഇങ്ങനെ നൂറായിരം ചിന്തകള്‍ ആ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.
തന്റെ മനപ്രയാസമകറ്റാൻ ഈ ആഗ്രഹം അവളോട് തുറന്നു പറഞ്ഞാലേ രക്ഷയുള്ളൂ എന്ന് അയാള്‍ മനസ്സിലാക്കി.അടുത്ത രാത്രി എന്ത് വന്നാലും വിവാഹക്കാര്യം പറയണമെന്ന് അയാള്‍ മനസ്സിലുറപ്പിച്ചു.
part-2
അതേ സമയം അവളും ചിന്തിക്കുകയായിരുന്നു.ഏറ്റവും കൂടുതൽ സംസാരിക്കുന്ന തന്നെക്കുറിച്ചു എല്ലാം അറിയാവുന്ന ഒരാൾ എന്തുകൊണ്ട് തന്നെ പ്രേമിക്കുന്നില്ല! ശ്ശെ!വെറുതെയിരിക്കുമ്പോൾ എന്തൊക്കെയാണു ചിന്തിച്ചു കൂട്ടുന്നത്.അയാൾ എന്റെ നല്ല സുഹ്രുത്താണു അത്ര മാത്രം.ആ സുഹ്രുത്ബന്ധം എന്നെന്നും നിലനിൽക്കണമെന്നു ആഗ്രഹമുണ്ട്.എന്തിനാണു വെറുതെ അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാഴ്ത്തുന്നത്?അവൾ സ്വയം ചോദിച്ചു.
പക്ഷേ തനിക്കൊരു ജീവിതപങ്കാളിയെ വേണമെന്നു എല്ലാ യുവതികളെ പ്പോലെ അവളും ആഗ്രഹിക്കുന്നുണ്ട്.വിവാഹം കഴിക്കാൻ നിരന്തരം നിർബന്ധിക്കുന്ന അവളുടെ മാതാപിതാക്കളോടു പഠനം കഴിഞ്ഞ് ജോലി ലഭിച്ചിരിക്കുന്ന ഈ സമയത്ത് തനിക്കുംകൂടി ഇഷ്ടപ്പെട്ടാൽ മാത്രം സമ്മതിക്കമെന്ന് ഉറപ്പു കൊടുത്തിട്ടുള്ള്താണ്.വിവാഹപ്രായമായ പെന്മക്കളുടെ അച്ചന്റെ മനസ്സിൽ എപ്പോഴും ആധിയും ആശയക്കുഴപ്പവും ആയിരിക്കും.നല്ല മനസ്സുള്ള സ്നേഹിക്കുന്ന,മനുഷ്യരെ തിരിച്ചറിയുന്ന ഒരു ചെറുപ്പക്കാരന്റെ കയ്യിൽ തന്റെ മകളെ പിടിച്ചേൽപ്പിക്കുന്നത് വരെയുള്ള സമയം...തനിക്കിഷ്ടപ്പെട്ടൊരാൾ ധൈര്യത്തോടെ മുഖത്ത് നോക്കി വിവാഹം കഴിച്ചോട്ടേ എന്നു ചോദിക്കുന്ന ആ നിമിഷം. ഏതു യുവതിയും അതിയായി ആഗ്രഹിക്കുന്ന ആ നിമിഷത്തിനു വേണ്ടി അവളും കാത്തിരുന്നു.ആ വ്യക്തി അയാളായിരുന്നെങ്കിൽ എന്നു എത്ര തവണ അവൾ ആശിച്ചിട്ടുണ്ടാകും...
പക്ഷേ ഇന്നത്തെ ദിവസം എന്തെങ്കിലും സംഭവിച്ചേക്കാം.കാരണം അയാൾക്ക് അവളെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നു അറിയിക്കാൻ കാത്തുവച്ച ദിവസം ഇന്നു രാത്രിയാണ്.പക്ഷേ ഓരോ നിമിഷവും ഈശ്വരൻ സമ്മാനിക്കുന്ന അദ്ഭുതമെന്തെന്നത് പ്രവചനാതീതമാണല്ലോ.പെട്ടെന്നാണ് അവൾക്ക് വീട്ടിൽ നിന്നും കാൾ വന്നത്.എത്രയും വേഗം നാട്ടിലേയ്ക്ക് പുറപ്പെടാൻ.
*************************************
ഹൈ ടെക് ബസ്സിൽ കയറിയപ്പൊഴാണു തന്റെ മൊബൈൽ ഫോൺ മറന്നിരിക്കുന്നതെന്ന് അവൾക്ക് ബോധമുണ്ടായത്.താൻ വീട്ടിലേയ്ക്കു പോകുകയാണ്,ഒരാഴ്ച കഴിഞ്ഞ ശേഷമേ മടങ്ങി വരികയുള്ളെന്നു അദ്ദേഹത്തെ എങ്ങനെ അറിയിക്കുമെന്നു ചിന്തിച്ചിരിക്കുമ്പൊഴാണ് ഒരു സുമുഖനായ ചെറുപ്പക്കാരൻ അവളുടെ അടുത്ത സീറ്റിൽ വന്നിരുന്നത്.തനിക്ക് സീറ്റ് തെറ്റിയിട്ടില്ലല്ലോ എന്ന് അവൾ ടിക്കറ്റ് നോക്കി ബോധ്യപ്പെടുത്തി.
"എക്സുസ് മീ " എന്ന് പരിഭവത്തോടെ അയാളോട് ചോദിക്കുമ്പോൾ അവൾക്ക് ശരിക്കും ഭയം ഉണ്ടായിരുന്നു.അത് ആ സുമുഖനായ ചെറുപ്പക്കാരന്റെ പുഞ്ചിരിയിൽ അലിഞ്ഞു ചേർന്നു."അത്യാവശ്യമായി ഒരു മെസേജ് അയക്കണമായിരുന്നു.നാട്ടിലേയ്ക്ക് ഇറങ്ങുന്ന വെപ്രാളത്തിൽ മൊബൈൽ ഫോൺ എടുക്കാൻ മറന്നു".ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.ചെറുപ്പക്കാരൻ ഏതൊ ഐ ടി സ്ഥാപനത്തിൽ ആണു ജോലി ചെയ്യുന്നതെന്നു തോന്നുന്നു.മുന്തിയ ഇനം വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്.ഭ്രമിപ്പിക്കുന്ന ഒരു തരം പെർഫ്യൂമ്മിന്റെ മണവും.അവൾ പെട്ടെന്നു മെസേജ് അയച്ചിട്ട് ഔട്ട്ബോക്സിൽ നിന്നും ഡിലിറ്റ് ചെയ്ത് ആ മൊബൈൽ ഫോൺ തിരികെ നൽകി.ചെറുപ്പക്കാരൻ പുഞ്ചിരിച്ചു കൊണ്ടു തന്നെ അതു വാങ്ങി ."എന്താണ് ഒരു താങ്ക്സ് പോലും പറയാത്തത്?"അവിടെ നിന്നു തുടങ്ങിയ സംഭാഷണം അവസാനിച്ചത് പിറ്റേന്നു രാവിലെ കേരളത്തിൽ ഏത്തിയ ശേഷമാണ്.ആ ചെറുപ്പക്കാരൻ ഓരോ നിമിഷവും അവൾക്ക് അത്ഭുതങ്ങൾ സമ്മാനിച്ചു കൊണ്ടിരുന്നു.പറയുന്നതെല്ലാം അവൾക്കറിയാവുന്ന കാര്യങ്ങൾ.കൂട്ടത്തിൽ അവൾ ജോലി ചെയ്യുന്നതെവിടെയെന്നും,ആ നഗരത്തിൽ എവിടെയാണ് താമസിക്കുന്നതെന്നും അവളുടെ നാടിനെപ്പറ്റിയും വീടിനെപ്പറ്റിയുമൊക്കെ അയാൾ ക്രുത്യമായിപ്പറഞ്ഞ് അവളെ ഞെട്ടിച്ചു.ഒടുവിൽ അവൾക്ക് ഇറങ്ങാനുള്ള സ്ഥലമായി.അകലുന്ന ബസ്സിലിരുന്ന് അയാൾ അവളെ കൈ വീശി കാണിച്ചു.വീണ്ടും കാണാം കഴിയും എന്നൊരു പ്രതീക്ഷ ആ പുഞ്ചിരിയിൽ ഉള്ളതായി അവൾ കരുതി.അവൾ ചിന്തിച്ചു.അയാൾക്ക് എങ്ങെനെയാണ് തന്നെ പറ്റി എല്ലാം അറിയാവുന്നത്?എന്തു മനോഹരമായിട്ടാണ് അയാൾ സംസ്സാരിക്കുന്നത്?പുഞ്ചിരിതൂകുമ്പോൾ എന്തു ഭംഗിയാണു ആ മുഖത്തിന്. ആശ്ചര്യം തോന്നുകയാണ്.തന്നെപ്പറ്റി എല്ലാം അയാൾ പറഞ്ഞു കഴിഞ്ഞു.
വീട്ടിലെത്തിയപ്പോഴാണ് നാളെ ഒരാൾ പെണ്ണൂ കാണാൻ വരുമെന്ന വിവരം അവൾ അറിയുന്നത്.അത് ഒരു തമാശ പോലെയാണ് അവൾക്ക് തോന്നിയത്.രാവിലെ കുളിച്ചൊരുങ്ങി ക്ഷേത്രത്തിൽ പോയി തൊഴുതു വന്നിട്ടു വീണ്ടും ഒരു തവണകൂടി ഒരുങ്ങി.പെണ്ണു കാണൽ ചടങ്ങിനു വേണ്ടി.അമ്മയാണ് അവളെ ഒരുക്കുന്നത്.പ്രത്യേകം മേടിച്ച സാരിയുടുത്ത് മുടിയിൽ പൂമാലയണിയിക്കുമ്പോൾ അമ്മ പറഞ്ഞു."അച്ഛനിതിൽ പ്രത്യേക താത്പര്യമുണ്ട്.അഛന്റെ ഓഫീസിലുള്ള ഒരാൾ കൊണ്ടു വന്നതാണീ ആലോചന.ആ ചെറുക്കന് നിന്നെ കണ്ട മാത്രയിൽ പിടിച്ചത്രെ.അവനും ബാങ്ഗ്ലൂരിലാണു ജോലി ചെയ്യുന്നത്".അവളുടെ തലയിൽ കൂടി ഒരു മിന്നൽ പിണർ പാഞ്ഞു.ആരാണ് ഈ വിദ്വാൻ.........?
ഒരു ചുവന്ന പജേറൊ കാർ ഗേറ്റ് കടന്ന് ഉള്ളിലേയ്ക്ക് വന്നു."ദാ അവരെത്തി".അച്ഛൻ പറഞ്ഞിട്ട് മുറ്റത്തേയ്ക്കിറങ്ങി.അവൾ മുറിയിൽ ഇരിക്കുകയായിരുന്നു."ചെറുക്കൻ ഭയങ്കര സുന്ദരനാ.."മുറിയിലുണ്ടായിരുന്ന പെങ്കുട്ടികൾ പറഞ്ഞു.അതും കൂടി കേട്ടപ്പോൾ അവൾക്ക് ജിജ്ഞാസയേറി.സന്ദർശന മുറിയിൽ ആരൊക്കെയോ ഉറക്കെ സംസ്സാരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും കേൾക്കാം..അവൾക്ക് ലേശം പേടി തോന്നി തുടങ്ങിയിരുന്നു.ചായകപ്പുകൾ വച്ച ട്രേയുമായി അമ്മ വന്നു."ദാ മോളെ.സൂക്ഷിച്ച് ഇങ്ങനെ..കൊണ്ടു കൊടുക്ക്..ചിരിക്കാൻ മറക്കല്ലേ.."അവൾ അമ്മയെ ഒന്നു നോക്കി.മുറിയിലുള്ളവരെയും.എന്നിട്ട് ട്രേ വാങ്ങി സ്വീകരണമുറിയിലേയ്ക്ക് നടന്നു.ടീപ്പൊയിൽ ട്രേ വച്ചിട്ട് ആരാണ് തന്നെ വിവാഹം കഴിക്കാൻ വന്നത് എന്ന ജിജ്ഞാസയിൽ അവൾ നോക്കി.ഒരു നിമിഷം അവൾ സ്തബ്ദയായി.ഇന്നലെ തന്റെ കൂടെ ബസ്സിൽ യാത്ര ചെയ്ത ചെറുപ്പക്കാരൻ.ഒരു അസ്വസ്ഥമായ പുഞ്ചിരിയോടെ അവൾ ഉള്ളിലേയ്ക്കു വലിഞ്ഞു.മുറിക്കുള്ളിൽ ആരുമില്ല.ഈശ്വരാ..എന്തെല്ല്ലാം അത്ഭുതങ്ങൾ...
ചായക്കപ്പുമായി അയാൾ മുറിയിലേയ്ക്ക് കടന്നു വന്നു.അവൾക്ക് പേടിയായി.അവൾ എഴുന്നേറ്റു.ചിരിക്കാൻ ശ്രമിച്ചു.ചിരി വരുന്നില്ല!!ഇത്രയും മനോഹരമായി ഒരുങ്ങിയ അവൾ തല കുനിച്ചു നിൽക്കുന്നത് ഒട്ടും ഭൂഷണമായിരുന്നില്ല.അയാൾ ആ മൗനത്തിനെ മുറിച്ചു ചോദിച്ചു."എന്നെ വിവാഹം കഴിക്കാൻ ഇഷ്ടമാണൊ?യെസ് ഓർ നോ യിൽ പറഞ്ഞാൽ മതി.."
അവൾ ചിന്തിച്ചു.എന്തു കാരണം കൊണ്ടാണു ഞാൻ ഇയാളെ ഇഷ്ടപ്പെടുന്നത്?എന്തുകൊണ്ട് തനിക്ക് ഇല്ല എന്നു പറയാൻ പറ്റുന്നില്ല?അവൾ തലയുയർത്തി.അൽപം പരിഭവത്തൊടെ സൗമ്യമായി തലയാട്ടി.പിന്നീടിരുവരും ഒരു പൊട്ടിച്ചിരിയായിരുന്നു.അതുകേട്ട് സ്വീകരണമുറിയിലിരുന്നവർ പരസ്പരം നോക്കി.അവിടെയും മുഴങ്ങി ഒരു പൊട്ടിച്ചിരി.അങ്ങനെ അവിടെ പരിശുദ്ധമായ ഒരു വിവാഹബന്ധത്തിന് തുടക്കം കുറിച്ചു.
എല്ലാവരും പിരിയുമ്പോൾ ആ അചഛൻ സന്തോഷത്തിലായിരുന്നു.വാത്സല്യം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞു.തന്റെ മകളെ നോക്കി,ഭാര്യയെ നോക്കി അയാൾ സന്തോഷത്തോടെ സോഫയിലിരുന്നു.ഇതു ഒരു വലിയ ഭാഗ്യം തന്നെയാണ്.അയാൾ കരുതി.അവൾക്കും അമ്മയ്ക്കും ആ വീട്ടിലുള്ള എല്ലാവർക്കും സന്തോഷമായിരുന്നു.ആ ഒരാഴച അവൾ എല്ലാം മറന്നു.ആ അദ്ഭുതം നിറഞ്ഞ കൂടിക്കാഴചയെക്കുറിച്ചും തന്റെ ഭാവിയെക്കുറിച്ചും പുതിയ കുടുംബത്തെക്കുറിച്ചും നല്ലവനായ തന്റെ ഭാവി വരനെക്കുറിച്ചുമൊക്കെ ഓർത്ത് ഒറ്റയ്ക്കിരുന്നവൾ മനോഹരങ്ങളായ സ്വപ്നങ്ങൾ നെയ്തു.ഒരാഴ്ച ആ കുടുംബത്തിന് മറക്കാൻ കഴിയില്ല.അത്രയും സന്തോഷം എവിടേയും അലതല്ലി.
പക്ഷേ.....അങ്ങു ദൂരെ........... ഒരാളുണ്ടായിരുന്നു......അവൾ തിരികെ വരുവാൻ വേണ്ടി കാത്തിരുന്ന ഒരു പാവം മനുഷ്യൻ..ഒരു വിവാഹാഭ്യർത്ഥന നടത്താൻ കഷ്ട്ടപ്പെട്ട് ഒരുപാടു തവണ കണ്ണാടിക്കു മുന്നിൽ നിന്ന് റിഹേഴ്സൽ നടത്തി പ്രാക്റ്റീസ് ചെയ്ത് കാത്തിരിക്കുന്ന ഒരു സാധു.അങ്ങ് ആയിരം കിലോമീറ്റർ അകലെയുള്ള തന്റെ ഇഷ്ട ദേവതയോട് ഏത് രീതിയിലാണ് വിവാഹാഭ്യർത്ഥന നടത്തുന്നതെന്ന് ഗവേഷണം നടത്തി.പല വാരികകളിലേയും മനശാസ്ത്രജ്ഞന്റെ കോളം പരതി സ്ത്രീകളുടെ മനസ്സ് എങ്ങിനെയെന്ന് കണ്ടുപിടിക്കാൻ ശ്രമിച്ച്,പ്രണയ നോവലുകൾ വായിച്ച് നായികയോടു നായകൻ എങ്ങിനെയാണ് പ്രണയാഭ്യർത്ഥന നടത്തുന്നതെന്ന് പരതി,പഴയ മോഹൻലാൽ ചിത്രങ്ങൾ കണ്ടിട്ട് അനുകരിക്കാൻ ശ്രമിച്ച്...ആ ഒരാഴ്ച അയാൾ അതിനു വേണ്ടി മാത്രം സമയം ചിലവഴിച്ചു.
തിരികെ വന്നപ്പോൾ ഒരു വലിയ മാറ്റം അവൾക്കനുഭവപ്പെട്ടു.ആ മാറ്റത്തിൽ അവൾ സന്തോഷിച്ചു.മൊബൈൽ ഫോൺ കണ്ടപ്പോഴാണ് അവൾക്ക് സങ്കടം വന്നത്.തന്റെ സ്നേഹിതനെ ഒരാഴച്ചത്തേയ്ക്കെങ്കിലും മറന്നുവല്ലോ എന്നവൾ പരിതപിച്ചു.ആ രാത്രിയിൽ തന്നെ അവൾ അയാളെ വിളിച്ചു.
"നല്ല ആളാണ്..ഒരാഴ്ച്ചയായി ഒരു വിവരവുമില്ല..""അയ്യോ..ശരിക്കും സോറി...ദേഷ്യപ്പെടല്ലേ..ഞാൻ ഫോൺ മറന്നതു കൊണ്ടല്ലേ.."
"എന്താണിത്ര സന്തോഷം..?"അയാളുടെ കൈകൾ അവളോട് പറയാൻ എഴുതിവച്ചിരുന്ന കടലാസിലേയ്ക്ക് നീണ്ടു.....വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നെന്ന് എത്രയും പെട്ടന്നു പറയാൻ ആ മനസ്സു പെരുമ്പറ കൊട്ടി.
"എന്തത്ഭുതങ്ങളാണ് കഴിഞ്ഞ ഒരാഴ്ച്ചയിൽ നടന്നത്.."
"എനിക്കും അതുപോലെയായിരുന്നു"
"ശരിക്കും..??"ബാലിശമായ നിഷ്കളങ്കതയോടെ അവൾ ചോദിച്ചു."ഞാനേ..കല്യാണം കഴിക്കാൻ പോവ്വാ..."
അയാളുടെ മനസ്സ് പടപടാ മിടിച്ചു..ഒപ്പം സന്തോഷവും.ഇതു തന്നെ ഞാൻ പറയാൻ വരികയയായിരുന്നെന്ന് അയാൾ മുഴുമിക്കും മുൻപ് അവൾ പറഞ്ഞു."ഒരാൾക്ക് എന്നോട് ഭയങ്കര ഇഷ്ടം.അതു വീട്ടിൽ പറഞ്ഞു.അത് അച്ഛന്റെ സുഹ്രുത്ത് വഴി വീട്ടിലെത്തി.ഒരു സുന്ദരൻ ചെക്കൻ..."
അയാളുടെയുള്ളിൽ ഒരിടിത്തീ വെട്ടി.എന്തോ ഒരു സ്ഫോടനം തലയ്ക്കുള്ളിൽ.അത് മനസ്സിൽ നിന്നും ശരീരത്തിലേയ്ക്കു പായുന്നു.ദുർബലനായിപ്പോയി അയാൾ..വളരെ പെട്ടെന്ന്.!
"ഹലോ..ഹലോ..ഹലോ...പോയോ.."പെട്ടന്ന് പരിസരബോധം വന്ന് സമചിത്ത ത കൈ വെടിയാതെ,അയാൾ അഭിനയിച്ചു...
"ഇല്ല..ഇല്ല..ഇവിടെ ഫോണിനെന്തോ കുഴപ്പം...ആ ..ഇനി പറഞ്ഞോളൂ...."
അവൾ ആ ഒരാഴ്ച്ചത്തെ വിശേഷം മുഴുവൻ പറഞ്ഞു തുടങ്ങി.ഇടയ്ക്കിടെ അവൾ ചോദിക്കും."ഞാനപ്പോൾ എന്തായിരുന്നു ചെയ്യേണ്ടത്?".."അങ്ങിനെ പറഞ്ഞത് ശരിയായോ..?"
അയാൾ പതിഞ്ഞ സ്വരത്തിൽ മൂളിക്കേട്ടു.ചെയ്തത് നന്നായീ എന്നു പറഞ്ഞു.താൻ ചെറുതായി ചെറുതായി വരുന്ന പോലെ അയാൾക്ക് അനുഭവപ്പെട്ടു..ശരിക്കും അയാൾ ദുർബലനായി പ്പോയിരുന്നു.വിമ്മിഷ്ടപ്പെടുന്ന ആ മനസ്സറിയാതെ നിഷ്കളങ്കയായ അവൾ സന്തോഷത്തോടെ നിർത്താതെ പറഞ്ഞു കൊണ്ടേയിരുന്നു.അച്ഛനെപ്പറ്റി അമ്മയെപ്പറ്റി,വരന്റെ സവിശേഷതകളേപ്പറ്റി...ആ കണ്ണിൽ നിന്ന് ഒരു തുടം കണ്ണീർ കവിളിൽ വീണു ചിതറി.പിന്നീടത് ധാരയായി കിടക്കയിലേയ്ക്കു പ്രവഹിച്ചു.ചുവന്നു തുടുത്ത മുഖം ഇരുട്ടിലെ അരണ്ട വെളിച്ചത്തിൽ പനി ബാധിച്ചു വിളറിയ മുഖത്തെ ഓർമിപ്പിച്ചു.
കയ്യിലിരുന്ന കടലാസു തുണ്ട് അയാൾ ചുരുട്ടിക്കൂട്ടിയിരുന്നു.മുറിയിൽ അങ്ങിങ്ങായി കിടന്നിരുന്ന വാരികകൾ,മാസികകൾ...ഇത്തവണ ആദ്യമായി അയാൾ ഉറങ്ങിപ്പോയി..അവളുടെ വിശേഷങ്ങൾ തീർന്നിരുന്നില്ല.ഒന്നുമറിയാതെ അവൾ പറഞ്ഞു കൊണ്ടിരുന്നു...."ഹലോ..ഹലോ...ഉറങ്ങിയോ?...ശരി ഉറങ്ങിക്കോ..നാളെ വിളിക്കാം..ഗുഡ് നൈറ്റ്.."പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ട് അവൾ ഫോൺ വച്ചു..തന്റെ മനസ്സിലുള്ളത് ഏറ്റവും അടുത്ത സുഹ്രുത്തിനോട് തുറന്നു പറഞ്ഞതിന്റെ നിർവൃതിയിൽ അവളും ഉറങ്ങാൻ കിടന്നു..
നിലാവുള്ള ആ രാത്രിയിൽ ആകാശത്തിൽ പുഞ്ചിരി തൂകുന്ന ചന്ദ്രനും നാട്ടുകാര്യങ്ങൾ പറഞ്ഞു രസിക്കുന്ന നക്ഷത്രങ്ങളും ഉറങ്ങി കിടക്കുന്ന ആ രണ്ടു സുഹ്രുത്തുക്കളേയും മാറിമാറി നോക്കി കൺചിമ്മിക്കൊണ്ടിരുന്നു.അവർക്ക് തോന്നിയ സങ്കടം അവർ പങ്കിട്ടെടുത്തു.
******************************************************************
മൂന്നു മാസങ്ങൾക്ക് ശേഷം..അവരുടെ വിവാഹപ്പിറ്റേന്ന് സമ്മാനപ്പൊതികൾക്കിടയിൽ നിന്നും ഒരു കവർ അവൾക്കു കിട്ടി.ആ അക്ഷരങ്ങൾ പരിചയമുള്ളതിനാൽ വെപ്രാളത്തോടെ കവർ പൊട്ടിച്ചവൾ ആ എഴുത്ത് വായിച്ചു.
"എല്ലാ തവണയും..ഭൂമിയിലേയ്ക്കു വരുന്ന നേരം ഞാൻ ഈശ്വരനോട് വഴക്കിടാറുണ്ട്...ഇപ്രാവശ്യമെങ്കിലും എന്റെ പ്രീയപ്പെട്ടവളോട് ഒത്ത് ഒരു ജീവിതം തരാൻ..ഈശ്വരൻ എത്ര കരുണയുള്ളവനാണ്.കുറഞ്ഞ പക്ഷം ഇത്തവണ നിന്നെ അദ്ദേഹം എന്റെ ഏറ്റവും നല്ല സുഹ്രുത്തായി സമ്മാനിച്ചു..
പക്ഷേ......ഒന്നിച്ചൊരു ജീവിതം!!.
....പരിഭവമില്ല..പരാതിപ്പെടുന്നുമില്ല..
കാത്തിരിക്കുന്നു..അടുത്ത ജന്മത്തിന് വേണ്ടി.....
സ്വന്തം സ്നേഹിതൻ.."
നോവുന്ന ആ സന്ദേശം അവൾ വീണ്ടും വീണ്ടും വായിച്ചു..വിശ്വാസം വരാതെ..
ഉറങ്ങികിടക്കുന്ന ഭർത്താവിനെ നോക്കി..
അത്യധികം മനപ്രയാസത്തോടെ അവൾ അതിനു മറുപടി എഴുതി...
"ഒരു വാക്ക്...ഒരു വാക്കെന്നൊടു പറഞ്ഞിരുന്നെങ്കിൽ...എത്ര നാൾ ഞാൻ കാത്തിരുന്നു,അങ്ങനെയൊന്ന് കേൾക്കാൻ...
അതെ.!ഈശ്വരൻ കരുണയുള്ളവനാണ്.
തീർച്ചയായും അടുത്ത ജന്മത്തിനു വേണ്ടി ഞാനും കാത്തിരിക്കാം...
സ്വന്തം സ്നേഹിത...!"