പാഠം ഒന്ന്‍- വിശ്വാസം

ജീവിതത്തിൽ ഞാൻ പഠിച്ചതും പഠിച്ചുകൊണ്ടിരിക്കുന്നതുമായ നല്ല പാഠം ആരിലും വിശ്വാസം പുലർത്തേണ്ടതില്ല എന്നതാണ്‌.വിശ്വാസമില്ലെങ്കിൽ ജീവിതത്തിന്‌ അടിത്തറ ഉണ്ടാവില്ലെന്ന മറു വാദം നിലനിൽക്കുമ്പൊൾ തന്നെ ആരെയും ഈ ലോകത്തിൽ വിശ്വസിക്കേണ്ടതില്ല എന്ന് ഞാൻ എന്റെ വീക്ഷണങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും ഉറപ്പിച്ചു പറയുന്നു..എല്ലാ മനുഷ്യരും ഒരുപോലെ തന്നെയാണ്‌..ആവശ്യത്തെ മുൻനിർത്തിയല്ലാതെ സ്നേഹം കൊണ്ട്‌ ഈശ്വരനെ വിളിക്കുന്നവരെക്കുറിച്ചു വായിക്കുകയും കേട്ടിട്ടുമേയുള്ളൂ.ഈശ്വരനെ പ്രകീർത്തിച്ചു ഗാനങ്ങൾ എഴുതുന്നവരും പാടുന്നവരും ആധുനിക ലോകത്തിലെ പുതിയ സാധ്യതയും ഫാഷനും ആയി മാറിയ ആത്മീയവ്യാപാരത്തിന്റെ കള്ളപ്പണം വാങ്ങുന്നവരാണ്‌.ഈശ്വര ഭയമുള്ളവൻ പോലും പണത്തിനും സ്വർണ്ണത്തിനും മുന്നിൽ നിന്നുകൊണ്ട്‌ ഈശ്വരനെ തള്ളിപ്പറയുന്നു.ഒടുവിൽ ചാവുമ്പോൾ ഒരു കഷ്ണം വെള്ള തുണിയിൽ പൊതിഞ്ഞെടുത്ത നഗ്നത ഈ ഭൂമിയിൽ അവശേഷിപ്പിക്കുന്നത്‌ ഒരു പിടി ഓർമ്മകൾ മാത്രമാണെന്ന പരമ സത്യം നിലനിൽക്കുന്നു. മനുഷ്യൻ നന്ദിയില്ലാത്തവനും നാണം കെട്ടവനും ആയിപ്പോയത്‌ അവന്റെ കുറ്റം കൊണ്ടല്ല,മറിച്ച്‌ അതവന്റെ വർഗ സ്വഭാവം ആയതു കൊണ്ടു മാത്രമാണ്‌.കലികാലത്തിൽ നിലനിൽപ്പിന്റെ സമവാക്യങ്ങൾ തലതിരിഞ്ഞിരിക്കുന്നതു കണ്ടിട്ടു പാവപ്പെട്ടവന്റെ മനസ്സിൽ വരുന്ന ലളിതമായ ചോദ്യം ഇതു മാത്രമാണ്‌ "ശരിക്കും ഈശ്വരൻ ഉണ്ടൊ?""ഉണ്ടെങ്കിൽ തന്നെ അദ്ദേഹം ഇതൊന്നും കാണുന്നില്ലേ?" ഇതിനുള്ള ഉത്തരം സ്വന്തം ജീവിതത്തിൽ നിന്നും തേടിക്കണ്ടുപിടിക്കേണ്ടതായിട്ടുണ്ട്‌.മറ്റുള്ളവന്‌ സഹായം ചെയ്യേണ്ടതു അവൻ ആവശ്യപ്പെടാതെ തന്നെ അവന്റെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ടും ത്യാഗപൂർണ്ണവും നിസ്സ്വാർത്ഥതയോടും ആത്മാർത്ഥതയോടും കൂടിയാകണം.ഏതു കർമ്മം ചെയ്താലും അതിന്റെ ഫലം ആഗ്രഹിക്കുന്നത്‌ സ്വാർത്ഥത തന്നെയാണ്‌.അതുകൊണ്ട്‌ ഞാൻ ആരിൽ നിന്നും ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല.ആരെയും കാത്തിരിക്കുന്നുമില്ല.ആരെയും വിശ്വസിക്കുന്നുമില്ല..ഒരുപക്ഷേ എന്റെ വസ്തുക്കൾ കൊള്ളയടിച്ച എന്റെ പഴയ അയൽക്കാരനും,പ്രണയം അഭിനയിച്ച്‌ മനസ്സു കവർന്നെടുത്ത്‌ പാതിരാത്രിയിൽ കടന്നു കളഞ്ഞ എന്റെ പഴയ കാമുകിയും..ഇന്നലെ വന്നു മുഖസ്തുതി പാടി പരിവേദനങ്ങൾ നിരത്തി എന്റെ വസ്ത്രവും പ്രാതലും വഴിച്ചെലവും അപഹരിച്ച പ്രിയ സുഹ്രുത്തും ഇതു വായിച്ചു മുഖം ചുളിച്ചേക്കാം...നിങ്ങളോടെനിക്കു പരിഭവമൊട്ടും തന്നെയില്ലെടൊ..നിങ്ങൾക്കാരുമില്ലാതിരുന്നപ്പോൾ,ആവശ്യങ്ങൾ വേണ്ടിവന്ന സമയത്തു അറിഞ്ഞുകൊണ്ടു സഹായിച്ചത്‌ അതു പണമായാലും പ്രേമമായാലും എന്റെ സാന്നിധ്യമായാലും ശരി ഞാൻ എന്റെ മര്യാദ കാട്ടി..!!അത്ര മാത്രം..!മറിച്ചൊന്നും തന്നെ പ്രതീക്ഷിക്കാതിരുന്നതു എന്റെ സഹാനുഭൂതിയായി കണക്കാക്കിക്കൊള്ളൂ...കൈ നീട്ടുന്നവനെ സഹായിക്കണം,വീട്ടിലേക്കു വരുന്ന സന്ദർശകനെ തന്നാലാവും വിധം ത്രിപ്തിപ്പെടുത്ത്തണം,അറിവും ,പണവും ശക്തിയും ഉണ്ടെങ്കിൽ അത്‌ ഇല്ലാത്തവനെ സാഹായിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തണം എന്നാണു ഞാൻ മനസ്സിലാക്കുന്നത്‌."മനസ്സിനക്കരെ" എന്ന മലയാളം ചലച്ചിത്രത്തിൽ നടൻ ഇന്നസ്സെന്റിന്റെ കഥാപാത്രം പറയുന്ന ഒരു സംഭാഷണമുണ്ട്‌."കർത്താവു നിനച്ചിരിക്കാത്ത നേരത്ത്‌ ഒരുപാടു തരുകയും അപ്രതീക്ഷിതമായതങ്ങു തിരിച്ചെടുക്കുകയും ചെയ്തു കളയും..!!" സമവാക്യം എന്തുതന്നെയായാലും ഈശ്വരന്റെ നിർവ്വചനം ആ സംഭാഷണത്തിൽ കാണുന്നുണ്ട്‌.

1 comment:

  1. കൊള്ളാം.

    ഈശ്വരന്‍ എന്നതിന്റെ നിര്‍വ്വചനം ഓരോരുത്തര്‍ക്കും ഓരോന്നായിരിയ്ക്കും. :)

    ReplyDelete

Followers